തിരുവനന്തപുരം: ചൈനയില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വൈറസ് ബാധ സംശയിച്ച് തൃശൂരില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാള്ക്കാണിപ്പോള് വൈറസ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയിലുള്ള 20 പേരില്‍ 15 പേരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവാണെന്നും ഒന്നില്‍ മാത്രമാണ് ഇതുവരെ പോസിറ്റീവ് ഫലം ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം നാല് പേരുടെ സാംപിള്‍ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുന്നൊരുക്കത്തിന് നിര്‍ദേശം നല്‍കിയതായും ആവശ്യമെങ്കില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയവരും രോഗ ലക്ഷണമുള്ളവരും എത്രയും വേഗത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
