ന്യൂഡല്‍ഹി: ശബരിമല കേസില്‍ തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. ശബരിമല വിശാല ബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും. ശബരിമല വിശാല ബെഞ്ചില്‍ വാദങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചിരുന്നു.
വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗം തീരുമാനിച്ചത്. യോഗത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രാവിലെ അറിയിച്ചപ്പോഴാണ് വാദത്തിന് 10 ദിവസത്തെ സമയം മാത്രമെന്ന ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.
പരിഗണന വിഷയങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ അഭിഭാഷകരുടെ യോഗത്തില്‍ സമന്വയം ഉണ്ടായില്ലെന്നും കോടതി തന്നെ അക്കാര്യങ്ങള്‍ തീരുമാനിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു.
