ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്കെത്തിക്കേണ്ടെന്ന മുന്‍ തീരുമാനത്തിലുറച്ച് പാര്‍ട്ടി നേതൃത്വം. യെച്ചൂരിയെ നോമിനേറ്റ് ചെയ്യണമെന്ന പശ്ചിമ ബംഗാള്‍ സി.പി.എം ഘടകത്തിന്റെ ശുപാര്‍ശ പൊളിറ്റ് ബ്യൂറോ തള്ളി.
മാര്‍ച്ച് ആറിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടേമില്‍ രാജ്യസഭയിലെത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്.
‘പാര്‍ട്ടി വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന കീഴ്‌വഴക്കമാണിത്. അത് തിരുത്തേണ്ട സാഹചര്യം നിലവിലില്ല’, പേര് വെളിപ്പെടുത്താത്ത പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2005 നും 2017 നുമിടയില്‍ രണ്ട് തവണ യെച്ചൂരി രാജ്യസഭാ എം.പിയായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമല്ലാതിരുന്നപ്പോള്‍ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും സി.പി.എം തയ്യാറായിരുന്നില്ല.
മാര്‍ച്ച് 26 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സി.പി.എമ്മിന് ബംഗാളില്‍ ഒരു സീറ്റാണുള്ളത്. എന്നാല്‍ ഈ സീറ്റിനെ പ്രതിനീധികരിച്ചിരുന്ന ഋതബൃതാ ബന്ധോപാധ്യായയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.ഈ സീറ്റില്‍ യെച്ചൂരിയെ മത്സരിപ്പിക്കണമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.
