കോട്ടയത്തെ വൃദ്ധ ദമ്ബതികളുടെ ആരോഗ്യനിലയില്‍ പുരോഗതി; കോവിഡ് 19 ആശങ്കകള്‍ക്കിടയിലും ആശ്വാസം; ചെങ്ങളം സ്വദേശികളുടെ പുതിയ റൂട്ട് മാപ്പ് തയ്യാറാകുന്നു

റാന്നി: കോവിഡ് 19 സ്ഥിരീകരിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധദമ്ബതികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. 86-89 പ്രായത്തിലുള്ള വൃദ്ധദമ്ബതികള്‍ക്കു കൊറോണ ബാധിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതനായ ഗൃഹനാഥന്റെ മാതാപിതാക്കളാണ് ഇവര്‍. ഹൃദ്രോഗി കൂടിയായ 86കാരിയുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക ഉണര്‍ന്നുവെങ്കിലും ഇവര്‍ സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്ബതികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു.

കോവിഡ് ബാധിതരായ കോന്നി സ്വദേശികളെ വിമാനത്താവളത്തില്‍ നിന്ന് അനുഗമിച്ച ചെങ്ങളം സ്വദേശികളായ ദമ്ബതികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവരും റാന്നിയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും ബസില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ രണ്ട് കൂട്ടരും നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്ബര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു. കൂടുതല്‍ പേരെ കണ്ടെത്താനാണ് റൂട്ട് മാപ്പ് പുറത്തിറക്കുന്നത്. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്നെത്തും. 25 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. ഇതില്‍ 5 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്റ്റില്‍ ഉള്‍പ്പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആകെ 3313പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 293പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധനയ്ക്കയച്ച ഇന്നലെ വന്ന ഫലങ്ങളെല്ലാം നെഗറ്റീവായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നിട്ടുമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമായി തുടരുകയാണ്.

അതേസമയം, കോവിഡ് 19 രോഗലക്ഷണങ്ങളോടെ കഴിയുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. നാട്ടിലെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചു വരുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം. ആരോഗ്യവകുപ്പിനെ കാര്യങ്ങള്‍ അറിയിക്കണം. കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *