സൗദിയില്‍ പുതിയ രോഗികള്‍ 154; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 49 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1453 പേരിലാണ്. അതില്‍ 115 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. 12 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലും. ബാക്കി ആളുകളില്‍ ഭൂരിഭാഗവും തൃപ്തികരമായ ആരോഗ്യവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച പുതിയ മരണങ്ങളൊന്നും റിേപ്പാര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വരെ എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറൈന്‍റനില്‍ കഴിഞ്ഞ ആയിരത്തോളം പേരെ രോഗമില്ലെന്ന് ഉറപ്പുവരുത്തി തിരിച്ചയച്ചതോടെ വരും ദിനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ കൂടുതല്‍ കേസും മക്കയില്‍ നിന്നാണ്. 40 പേരിലാണ് പുതുതായി ഇവിടെ രോഗം കണ്ടെത്തിയത്. ദമ്മാമില്‍ 34ഉം റിയാദിലും മദീനയിലും 22 വീതവും ജിദ്ദയില്‍ ഒമ്ബതും ഹുഫൂഫില്‍ ആറും അല്‍ഖോബാറില്‍ ആറും ഖത്വീഫില്‍ അഞ്ചും താഇഫില്‍ രണ്ടും തബൂക്ക്, ബുറൈദ, യാംബു, അല്‍റസ്, ഖമീസ് മുശൈത്ത്, ദഹ്റാന്‍, സാംത, ദവാദ്മി എന്നിവിടങ്ങളില്‍ ഒാരോ കേസും വീതമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 16 പേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയവരാണ്. ബാക്കി 138 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍നിന്ന് പകര്‍ന്നതാണ്. നേരത്തെ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന് സൗദിയില്‍ ഐസൊലേഷനില്‍ കഴിയുന്നവരില്‍ പലര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തി വിട്ടയച്ചു.

വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ഹോട്ടലുകളിലേക്ക് എത്തിച്ച്‌ അവിടെ പാര്‍പ്പിച്ചിരുന്ന ആയിരത്തോളം പേര്‍ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ വീടുകളിലേക്ക് മടങ്ങി. 14 ദിവസത്തെ സമയപരിധിക്കകത്ത് ഇവര്‍‌ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയാണ് മടക്കി അയക്കുന്നത്.

കൂടുതല്‍ പേരെ ഐസൊലേഷനില്‍നിന്നും നിരീക്ഷണത്തില്‍നിന്നും മുക്തരാക്കും. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്ബുതന്നെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഗുണം ചെയ്യുന്നു എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *