കൊച്ചി: മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്കാന് സാധിക്കില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കൊറോണ വൈറസ് വ്യാപനം തടയാന്‍ വേണ്ടിയാണ് കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ അടച്ചതെന്ന് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
കൊറോണ ചികിത്സകള്‍ക്കാണ് മംഗലാപുരത്തെ ആശുപത്രികള്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും, ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ എത്തുന്നത് ബുദ്ധിമുട്ടാണെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. അതേസമയം, അടച്ച വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടകം ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതിര്‍ത്തി അടച്ചതിന് എതിനെതിരായ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരന്മാര്ക്ക് അവശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി. ദേശീയപാത അടക്കാന്‍ കര്‍ണാടകത്തിന് അനുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്പേട്ട റോഡുകള്‍ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.
