കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവാസി മലയാളികളുടെ വിവരശേഖരണം തുടങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് വിവരശേഖരണം നടന്നു വരുന്നത്. പഞ്ചായത്ത് ജീവനക്കാര്‍, വാര്‍ഡ് മെമ്പര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് കണക്കെടുപ്പ് നടത്തുന്നത്. വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
പ്രവാസികള്‍ നാട്ടിലെത്തുകയാണെങ്കില്‍ അവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് ആളുകളുടെ എണ്ണം കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഓരോ പ്രദേശത്തും എത്രപേര്‍ക്ക് താമസസൗകര്യം വേണ്ടിവരുമെന്ന് കണക്കാക്കുന്നത്.
പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ട്രീയ-പ്രവാസ സംഘടനകളും ശക്തമായി ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ വിമാന സര്‍വ്വീസ് അനുവദിച്ചാല്‍ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പ്രവാസികളെ കൊണ്ടു വരണമെന്നുള്ള ആവശ്യം സുപ്രീംകോടതിയും തള്ളിയിരിക്കുകയാണ്. എന്നാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ വിമാന സര്‍വ്വീസ് നിയന്ത്രിതമായെങ്കിലും ആരംഭിക്കാനാകുമെന്ന പ്രതിക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നത് അവര്‍ക്ക് താമസസൗകര്യമൊരിക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ക്ക് സാമൂഹിക അകലം പാലിക്കല്‍ പ്രായോഗികമല്ലെന്നും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പരാതികളുയരുന്നുണ്ട്. ഫ്‌ലാറ്റുകളിലും ലേബര്‍ ക്യാമ്പുകളില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ രോഗബാധയേല്‍ക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിയുന്നില്ല
