ദുബായ്: വ്രതമെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും വൈറസ് ബാധയെ ചെറുക്കുമെന്നും ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. റംസാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ അരോഗ്യവിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ ലോകാരോഗ്യ സംഘടനയുടെ പോഷകാഹാര ഉപദേശകന്‍ ഡോ.അയ്യൂബ് അല്‍ ജവല്‍ദ് മുഖ്യപ്രഭാഷണം നടത്തി.
വ്രതമെടുക്കുന്നത് മൂലം ശരീരത്തില്‍ വിഷാംശങ്ങള്‍ കുറയുമെന്ന് അദ്ദേഹം പറഞ്ഞു.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറക്കാനും രോഗ പ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്താനും സഹായകമാകും. വിവിധ തരം വൈറസുകളെ ശരീരത്തിലേക്ക് അടുപ്പിക്കാതിരിക്കാനും വ്രതം സഹായിക്കും. അദ്ദേഹം പറഞ്ഞു.
നോമ്പു കാലത്ത് പഴകിയ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്. എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഉപ്പിന്റെയും എരിവിന്റെയും അളവ് കുറക്കണം. പച്ചക്കറികള്‍, പഴങ്ങള്‍,ധാന്യങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കണം. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. കൃത്രിമമായി നിര്‍മിച്ച ജ്യൂസുകളും ഒഴിവാക്കണം. നോമ്പു തുറക്ക് ശേഷം സുബ്്ഹി നമസ്‌കാരത്തിനിടയില്‍ 12 ഗ്ലാസ് (2 ലിറ്റര്‍) വെള്ളമെങ്കിലും കുടിച്ച് ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോമ്പു കാലത്തും ചെറിയ തോതിലുള്ള വ്യായാമം ശീലമാക്കണമെന്നും ഡോ.അയ്യൂബ് പറഞ്ഞു.
