ഋഷിയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത് ബച്ചന്‍

മുംബൈ: ”അദ്ദേഹം പോയി…ഋഷി കപൂര്‍..ഇപ്പോള്‍ യാത്രയായിരിക്കുന്നു.. ഞാന്‍ തകര്‍ന്നു പോകുന്നു”
അമിതാബ് ബച്ചന്റെ ഈ ട്വീറ്റ് ചെന്നു തറക്കുന്നത് ലോകത്താകമാനമുള്ള കോടിക്കണക്കിന് ഹിന്ദി ചലചിത്ര പ്രേമികളുടെ മനസിലാണ്. ഇന്ന് രാവിലെ ബച്ചന്റെ ഈ ട്വീറ്റാണ് ഹിന്ദി സിനിമയിലെ നിത്യവസന്തവും തലമുറകളുടെ പ്രചോദനവുമായിരുന്നു ഋഷി കപൂറിന്റെ മരണവാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ചത്.ഇരുവരും ഒട്ടേറെ സിനിമകളില്‍ ഒന്നി്ച്ചഭിനയിച്ചവരാണ്.പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ചലചിത്ര പ്രേമികള്‍ മുക്തരാകുന്നതിന് മുമ്പാണ് ഋഷി കപൂറിന്റെ വിയോഗ വാര്‍ത്തയെത്തുന്നത്.
അരനൂറ്റാണ്ടിലേറെ ഹിന്ദി സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന ഋഷി കപൂര്‍ (67) മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അര്‍ബുദത്തിന് ചികില്‍സയിലായിരുന്ന അദ്ദേഹം ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയെ പുരോഗതിയിലേക്ക് നയിച്ച അനുഗ്രഹീതനായ നടനായിരുന്നു ഋഷി കപൂര്‍. പ്രമുഖ സംവിധായകാനായിരുന്ന രാജ്്കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി ബാലതാരമായാണ് സിനിമയിലെത്തിയത്. 1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷിക്ക് ബോളിവുഡില്‍ സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കിയത്. നടന്‍,സംവിധായകന്‍,നിര്‍മാതാവ് തുടങ്ങി വിവിധ വേഷങ്ങളില്‍ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നു.
അമര്‍ അക്്ബര്‍ ആന്റണി, ലൈല മജ്്‌നു,സര്‍ഗം,ബോല്‍ രാധ ബോല്‍,റാഫു ചക്കര്‍, പ്രേം രോഗ്,ഹണിമൂണ്‍,തചാന്ദ്‌നി തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളിലൂടെ തലമുറകളുടെ പ്രണയസങ്കല്‍പ്പനങ്ങള്‍ക്ക് വര്‍ണങ്ങള്‍ നല്‍കിയ റൊമാന്റിക് നടനാണ് കാല യവനികക്കുള്ളില്‍ മറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *