കേരളത്തില്‍ പശുവളര്‍ത്തല്‍ ഇന്ന് ലാഭകരമായ ബിസിനസാണ്. ജനങ്ങളുടെ നിത്യഭക്ഷണത്തില്‍ പാലിന്റെ സ്ഥാനം കൂടി വരുന്നതും പാല് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതും മൂലം അല്‍പ്പം അധ്വാനിച്ചാല്‍ വരുമാനമുണ്ടാക്കാവുന്ന മേഖലയായി പശുവളര്‍ത്തല്‍ മാറി. പാല് വില്‍പ്പനക്ക് ഇന്ന് മില്‍മയും അനുബന്ധ സൊസൈറ്റികളും ഉള്‍പ്പടെയുള്ള വലിയ ശൃംഖലയുണ്ട്. അടുത്തുള്ള വീടുകളിലേക്ക് പാല് എത്തിച്ച് പണം നേടാം. മറ്റ് പല കാര്‍ഷിക ഉല്‍പ്പന്നങ്ങളും നേരിടുന്ന മാര്‍ക്കറ്റിംഗ് പ്രതിസന്ധികള്‍ പാലിന് ഇല്ല. പശുവളര്‍ത്തി വരുമാനമുണ്ടാക്കാന്‍ പ്രധാനമായും വേണ്ടത് അധ്വാനിക്കാനുള്ള മനസ്സാണ്. നിക്ഷേപം ഏറെ ആവശ്യമില്ലാത്ത ബിസിനസാണ് പശുവളര്‍ത്തല്‍. ഒന്നോ രണ്ടോ എണ്ണത്തിനെ വീട്ടില്‍ വളര്‍ത്തുന്ന രീതിയും വലിയ ഫാം നടത്തുന്ന രീതിയും സാമ്പത്തിക നിലയനുസരിച്ച് അവലംബിക്കാം.
സംസ്ഥാന സര്‍ക്കാര്‍ പശുവളര്‍ത്തലിന് ക്ഷീരവികസന വകുപ്പു മുഖേന ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. പശുവിനെ വാങ്ങുന്നതിന് നല്ലൊരു തുക സൗജന്യമായി തന്നെ നല്‍കുന്നുമുണ്ട്.
ഗോധനം പദ്ധതിയില്‍ പത്തു പശുക്കളെ വരെ വാങ്ങി വളര്‍ത്താന്‍ സഹായം ലഭിക്കും. ഗോധനം പദ്ധതിയില്‍ സങ്കര ഇനം പശുവിനെ വാങ്ങാന്‍ 33000 രൂപയും തനത് ഇനത്തെ വാങ്ങാന്‍ 35000 രൂപയും ലഭിക്കും.രണ്ടുപശുക്കളുള്ള ഒരു യൂനിറ്റിന് 66000 രൂപ ലഭിക്കും. അഞ്ചു പശു യൂണിറ്റിന് 1,77,000 രൂപ,പത്ത് പശു യൂനിറ്റിന് 3,66,000 രൂപ,അഞ്ചു കിടാരി യൂണിറ്റിന് 98,800 രൂപ, പത്തു കിടാരി യൂണിറ്റിന് 196400 രൂപ എന്നിങ്ങിനെ സര്‍ക്കാര്‍ സഹായമുണ്ട്.
ഈ പദ്ധതികളിലെല്ലാം പുതുതായി ഫാം തുടങ്ങുന്ന കര്‍ഷകര്‍,വനിതകള്‍,പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അഞ്ചില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് 25 സെന്റ് മുതല്‍ 50 സെന്റ് വരെ സ്ഥലത്ത് തീറ്റപുല്‍ കൃഷിക്കുള്ള സൗകര്യമുണ്ടാകണം.
പദ്ധതിയുടെ വിശദ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും ബന്ധപ്പട്ട് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷകള്‍ മു്ന്ഗണനാ ക്രമത്തിലാണ് പരിഗണിച്ചു വരുന്നത്. അപേക്ഷകര്‍ ഏറെയുള്ളതിനാല്‍ ധനസഹായം പെട്ടെന്ന് ലഭ്യമായി കൊള്ളണമെന്നില്ല. എങ്കിലും പശുവളര്‍ത്തലില്‍ താല്പര്യമുള്ളവരും ഇതൊരു വരുമാന മാര്‍ഗമായി കാണുന്നവരും അപേക്ഷ നല്കി കാത്തിരിക്കുന്നതാണ് നല്ലത്.
(അവലംബം: കേരള സര്‍ക്കാരിന്റെ സഹായ പദ്ധതികള്‍ കൈപുസ്തകം)
