അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കോവിഡ്; കണ്ടെത്തിയത്‌ പ്രീ-ഫ്ളൈറ്റ് പരിശോധനയില്‍

ന്യൂഡല്‍ഹി: അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്ബ് നടത്തിയ പ്രീ-ഫ്ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച ആരും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.

ഇവര്‍ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങള്‍ പറത്തിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു സര്‍വീസ്.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്ര പുറപ്പെടുന്നതിന് മുമ്ബും ശേഷവും കര്‍ശന പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ.

ഫലം വരുന്നത് വരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *