കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം നാളെ കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്റിനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 11.20 ന് കരിപ്പൂരെത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.
