കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ യാത്രാനിരക്കു സംബന്ധിച്ച ശുപാര്‍ശ എത്രയും വേഗം സമര്‍പ്പിക്കാന്‍ ഫെയര്‍ റിവിഷന്‍ കമ്മിറ്റിക്കു ഹൈക്കോടതി നിര്‍ദേശം . കെഎസ്‌ആര്‍ടിസി, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ ഹിയറിങ് പൂര്‍ത്തിയാക്കി ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കാനാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റിക്കു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വകാര്യ ബസുകളില്‍ ഉയര്‍ന്ന യാത്രാനിരക്ക് ഈടാക്കാന്‍ അനുവദിച്ച സിംഗിള്‍ ജഡ്ജിയുടെ വിധി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. യാത്രാനിരക്കു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ 9ന് ഫെയര്‍ റിവിഷന്‍ കമ്മിറ്റിക്കു സിംഗിള്‍ ജഡ്ജി നിര്‍ദേശം നല്‍കുകയുണ്ടായി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
