മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം; പട്ടാമ്പിയില്‍ അതീവ ജാഗ്രത

പാലക്കാട്: പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം നടന്നതായി ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടാമ്പില്‍ താലൂക്ക് മേഖലയില്‍ ആരോഗ്യവകുപ്പും പോലീസും ജാഗ്രതാ നടപടികള്‍ ശക്തമാക്കി. മല്‍സ്യമാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് വെള്ളിയാഴ്ച കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ ആന്റജന്‍ ടെസ്റ്റില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നതായാണ് സംശയിക്കുന്നത്. മാര്‍ക്കിറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍,വ്യാപാരികള്‍, മല്‍സ്യം വാങ്ങാനെത്തിയവര്‍ തുടങ്ങി നൂറുകണക്കിന് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയിരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് മല്‍സ്യം ചെറുവാഹനങ്ങളില്‍ കൊണ്ടു പോകുകയും ബൈക്കുകളിലും സൈക്കിളുകളിലും വീടുകളില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്.
രോഗവ്യാപന സംശയം ഉയര്‍ന്നതോടെ ശനിയാഴ്ച ഉച്ചയോടെ പട്ടാമ്പിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പോലീസ് അടപ്പിച്ചു. വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ പട്ടാമ്പിയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കാനാണ് സാധ്യത.
പട്ടാമ്പി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ പോലീസ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. പാതയോരങ്ങളിലും വീടുകള്‍ തോറുമുള്ള മല്‍സ്യവില്‍പ്പന കര്‍ശനമായി നിര്‍ത്തിവെച്ചിട്ടുണ്ട്. പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ ഉടനെ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. മേഖലയിലെ ഇതരപഞ്ചായത്ത് അധികൃതരും ഇത്തരത്തിലുള്ള അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
പട്ടാമ്പി താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും വരും നാളുകളില്‍ കോവിഡ് ജാഗ്രതാനടപടികള്‍ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.രണ്ടു മീറ്റര്‍ സാമൂഹീക അകലം കൃത്യമായി പാലിക്കണം.മാസ്്ക് ശരിയായ രീതിയില്‍ ധരിക്കണം.അത്യാവശ്യകാര്യങ്ങള്‍ക്ക് വീടിന് പുറത്തുപോകുന്നവര്‍ തിരിച്ചെത്തിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയില്‍ കഴുകിയ ശേഷം മാത്രമേ വീട്ടനകത്ത് കയറാവു.ധരിച്ച വസ്ത്രം സോപ്പ് ലായിനിയില്‍ മുക്കിവെക്കണം.കുളിച്ച് വൃത്തിയായ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാവൂ.വൃദ്ധജനങ്ങളും കുട്ടികളും വീടിന് പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *