പപ്പരാസികളെ പറ്റിച്ച് എന്‍.ഐ.എയുടെ രഹസ്യനീക്കങ്ങള്‍

തിരുവനന്തപുരം: സ്വപ്്‌ന സുരേഷിന് പുറകെ കാമറയുമായി പറന്ന മാധ്യമപ്രവര്‍ത്തകരെ ഇരുട്ടിലാക്കി എന്‍.ഐ.എയുടെ സ്വര്‍ണക്കടത്ത് അന്വേഷണത്തിന് പുതിയ രീതി. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്ത് നടന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാതെയാണ് എന്‍.ഐ.എ മുന്നോട്ടു പോകുന്നത്. മാധ്യമങ്ങളില്‍ വിവരങ്ങള്‍ പുറത്തു വരുന്നത് കേസുമായി ബന്ധപ്പെട്ടവര്‍ രക്ഷപ്പെടാന്‍ സഹായിച്ചേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
കേസിലെ പ്രധാന പ്രതിയായ സരിത്തുമായി തിരുവനന്തപുരത്ത് നടത്തുന്ന അന്വേഷണങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും മറച്ചുവെച്ചു കൊണ്ടാണ്. സ്വപ്്‌ന സുരേഷിനെയും സരിത്തിനെയും ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ വാഹനത്തിന് പിന്നാലെയെത്തി പപ്പരാസികളെ പോലെ റണ്ണിംഗ് കമന്ററി നടത്തിയത് വ്യാപകവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ പ്രതികളുമായി വന്ന വാഹനങ്ങളെ പിന്തുടര്‍ന്നത്. കേസ് അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കുമെന്നാണ് എന്‍.ഐ.എ.യുടെ ഇപ്പോഴത്തെ ആശങ്ക.
ചൊവ്വാഴ്ച രാവിലെ സരിത്തുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എന്‍.ഐ.എ സംഘം നഗരത്തിലെ പലയിടങ്ങളിലും തെളിവെടുപ്പ് നടത്തി. പ്രതിയുമായി എവിടെയെല്ലാം പോകുന്നുവെന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചു പിടിച്ചാണ് ഐ.എന്‍.എ. തെളിവെടുപ്പ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *