കോവിഡ്: മാനസിക സമ്മര്‍ദ്ദം കൂടുതല്‍ സ്ത്രീകളില്‍

വാഷിംഗ്ടണ്‍: കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിക്കുന്നവരിലേറെയും പുരുഷന്‍മാരാണെങ്കിലും മഹാമാരിയെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്ന് പഠനം. ടോടല്‍ ബ്രെയിന്‍ എന്ന സ്ഥാപനം വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം, ആശങ്ക,ഡിപ്രഷന്‍ എന്നിവക്ക് ഇരകളാകുന്നവരിലേറെയും സ്ത്രീകളാണെന്ന് കണ്ടെത്തിയത്. 83 ശതമാനം സ്ത്രീകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. പുരുഷന്‍മാരില്‍ 36 ശതമാനം പേര്‍ക്കാണ് സമ്മര്‍ദ്ദമുള്ളത്. ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഇത് 53 ശതമാനവും പുരുഷന്‍മാരില്‍ 29 ശതമാനവുമാണ്. മാനസിക സമ്മര്‍ദ്ദത്തിന് പുറമെ ഗാര്‍ഹിക പീഢനം,മാനസിക പീഢനം,വിവിധ തരത്തിലുള്ള ചൂഷണം എന്നിവയും കോവിഡ് കാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ താങ്ങാനാകുന്നില്ല. അവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പുരുഷന്‍മാര്‍ ജീവിതത്തില്‍ പ്രതിസന്ധികളെ നേരിട്ട് ശീലമുള്ളതു കൊണ്ട് കോവിഡ് ആശങ്കകളെ കുറിച്ച് അവര്‍ കൂടുതലായി സംസാരിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നില്ലെന്നും പഠനം വിലയിരുത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ ആശങ്കയാണ് കൂടുതലുള്ളത്. ജോലി സ്ഥലത്തേക്ക് പോകുകയും പുറത്തുള്ള സുഹൃത്തുക്കളുമായി സമയം ചെലവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ ഇരിക്കേണ്ടി വന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ലോകത്താകമാനം കോവിഡ് കാലം വലിയ മാനസിക ആഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *