അന്ത്യവിശ്രമം സ്വന്തം ഫാം ഹൗസിന്റെ മരത്തണലില്‍ ; മഹാഗായകന് വിട നല്‍കി രാജ്യം

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

സിനിമാ മേഖലയില്‍ നിന്നും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതി രാജ, അമീര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊറോണയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ അദ്ദേഹം നാലു ഭാഷകളിലായി അന്‍പതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സംഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

Leave a Reply

Your email address will not be published. Required fields are marked *