ന്യൂഡല്‍ഹി: വായ്പ മൊറട്ടോറിയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഒരാഴ്ചത്തെ സമയം കൂടി അനവുവദിച്ച് സുപ്രീംകോടതി. ഒക്ടോബര്‍ അഞ്ചിനകം കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം പ്ലാന്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു.
മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും ചേര്‍ന്ന് സെപ്ററംബര്‍ 28നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ കുറച്ച് സമയം കൂടി ആവശ്യമാണെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ േമത്ത സുപ്രീംകോടതിയെ അറിയിച്ചു.മൊറട്ടോറിയം കാലയളവ്, വായ്പ പലിശ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍ സി.എ.ജി രാജീവ് മെഹര്‍ഷിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 31ന് അവസാനിച്ച വായ്പ മൊറട്ടോറിയം കാലാവധി സെപ്റ്റംബര്‍ 28 വരെ നീട്ടി നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മൊറട്ടോറിയം നീട്ടി നല്‍കണമെന്നും ഈ കാലയളവില്‍ വായ്പ പലിശ ഒഴിവാക്കി നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
