ആശുപത്രിയില്‍ ചികില്‍ത്സാ നിഷേധത്തെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; യുവതിയുടെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി

കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച, യുവതിയുടെ ആരോ​ഗ്യ നിലയില്‍ പുരോ​ഗതി. യുവതിയെ ഐസിയുവില്‍ നിന്ന് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.

കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് അഞ്ചു ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഭര്‍ത്താവ് ഷെരീഫ് പറഞ്ഞു.

​​ഗര്‍ഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്ബ് വീട്ടിലേക്ക് പോയതാണ്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. തുടര്‍ന്ന് ഉച്ചയോടെ കോട്ടപ്പറമ്ബ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആര്‍ടി പിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്നാണ് അവര്‍ അറിയിച്ചത്. ശനിയാഴ്ച മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടിയെന്ന് ഷരീഫ് പറയുന്നു.

വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേയ്ക്കും ചികിത്സ കിട്ടാതെ 14 മണിക്കൂര്‍ പിന്നിട്ടു. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് സഹലയെ തീവ്രപരിചരണ വിഭാ​ഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ആന്‍റിജന്‍ പരിശോധന ഫലം മുഖംവിലയ്ക്കെടുക്കാത്ത സ്വകാര്യ ആശുപത്രികളുടെ കടുംപിടുത്തം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *