ആരോ​ഗ്യവകുപ്പ് പൂര്‍ണ്ണപരാജയം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആരോ​ഗ്യമേഖല താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരിമെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് എങ്ങനെയാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കണം. ആന്റിജന്‍ ടെസ്റ്റിന്റെ റിസല്‍ട്ട് ഉണ്ടായിട്ട് പോലും പി.സി.ആര്‍ ടെസ്റ്റിന്റെ റിസല്‍ട്ട് വേണമെന്ന് വാശിപിടിച്ച്‌ ഇരട്ടക്കുട്ടികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു.

14 മണിക്കൂര്‍ ​ഗര്‍ഭിണിക്ക് ചികിത്സനിഷേധിക്കപ്പെട്ടിട്ടും ആരോ​ഗ്യമന്ത്രി ഇടപെടാതിരുന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡ് തുടങ്ങിയതു മുതല്‍ ചികിത്സ ലഭിക്കാതെ നിരവധി മരണങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോ​ഗിയെ പുഴുവരിച്ച സംഭവം കേരളത്തിലെ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്. കൊവിഡ് രോ​ഗികളോടുള്ള സര്‍ക്കാരിന്റെ സമീപനം ഇതില്‍ നിന്നും മനസിലാവും. ആലപ്പുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം വൈകിച്ച്‌ അധികൃതര്‍ യുവതിയുടെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടിയിരിക്കുകയാണ്. കൊവിഡ് രോ​ഗികളെ താമസിപ്പിക്കാനും മറ്റ് രോ​ഗികള്‍ക്ക് ചികിത്സ കൊടുക്കാനുമുള്ള സംവിധാനം ഒരുക്കുന്നതില്‍ ആരോ​ഗ്യവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി.ആര്‍ ഏജന്‍സികളെ കൊണ്ട് പണിയെടുപ്പിക്കുന്ന സമയത്ത് ആരോ​ഗ്യമന്ത്രി സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ വിലയിരുത്തിയിരുന്നെങ്കില്‍ ഇത്രയും ദയനീയമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. എന്റെ മക്കളെ കൊന്നുകളഞ്ഞു, എന്റെ ഭാര്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന മരിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്റെ വിലാപം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇതാണോ കേരള മോഡല്‍ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *