കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഉംറ നിര്‍വഹണം ഒക്ടോബര്‍ 4 മുതല്‍ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്നതിനറെ ഭാഗമായി തവക്കല്‍നാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളില്‍ 16,000 ഉംറ തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ വെളിപ്പെടുത്തി. ആദ്യത്തെ പത്തു ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് അവസാനിച്ചതായും മന്ത്രി പറഞ്ഞു.
ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് ഹജ് സമയത്തെ അതേ ജാഗ്രത കൈക്കൊള്ളുമെന്നും, ആരോഗ്യ സംരക്ഷണവും സുരക്ഷയും പാലിച്ച് കര്‍മങ്ങള്‍ നിര്‍വഹിക്കുകയും തിരക്ക് കുറക്കുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ പ്രതിദിനം 6,000 തീര്‍ഥാടകരെ അനുവദിക്കുമെന്നും 24 മണിക്കൂറിനുള്ളില്‍ 12 ഗ്രൂപ്പുകളായി വിഭജിച്ചായിരിക്കും സൗകര്യമൊരുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘത്തിനും ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കും. വ്യകതി അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ കരുതല്‍ കൈവരിക്കുന്നതിനുമാണിതെന്ന് അദ്ദേഹം പറഞ്ഞു.
18 വയസിനും 65 വയസിനും ഇടയിലുള്ളവര്‍ക്കായിരിക്കും അനുമതി നല്‍കിയിട്ടുള്ളത് . എന്നാല്‍ രക്ഷിതാക്കളോടൊപ്പം തവക്കല്‍നാ ആപ്പില്‍ ചേര്‍ത്ത കുടികളെ അവരുടെ കൂടെ പോകാന്‍ അനുവദിക്കും. ആശ്രിതരുടെ കാര്യത്തിലും ഇത് ബാധകമാണ്.
തവാഫും സഅ് യും നിര്‍വഹിക്കുന്നതിന് ആവശ്യക്കാര്‍ക്ക് വീല്‍ചെയറുകള്‍ ലഭ്യമാക്കും. ത്വവാഫിന്റെ (കഅ്ബയെ പ്രദിക്ഷണം ചെയ്യല്‍)ഒഴുക്ക് ഒരേ വേഗത്തിലും പ്രവാഹത്തിലും ക്രമീകരിക്കും. ഹോട്ടലുകളിലും വസതികളിലും താമസിക്കുന്ന ഉംറ ബുക്ക് ചെയ്ത തീര്‍ഥാടകരും മക്കയ്ക്ക് പുറത്ത് നിന്ന് വരുന്നവരും ഹറം പള്ളിയിലേക്ക് പുറപ്പെടുന്നതിന് 15 മിനിറ്റ് മുന്‍പ് ചെക്ക് പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഓരോ സംഘത്തോടൊപ്പവും മാര്‍ഗനിര്‍ദേശകരും ആരോഗ്യ പ്രവര്‍ത്തകരും അനുഗമിക്കും. പ്രദേശത്ത് താമസിക്കുന്നവര്‍ക്കൊഴികെ ഹറം പള്ളിക്ക് ചുറ്റുമുള്ള സെന്‍ട്രല്‍ സോണിലെ കാര്‍ പാര്‍ക്കിങുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. സ്വന്തം വാഹനത്തില്‍ എത്തുന്നവര്‍ക്കും, എന്നാല്‍ ഹോട്ടല്‍ ബുക്കിങ് ഇല്ലാത്തതുമായ തീര്‍ഥാടകര്‍ക്ക് അനുവദിക്കപ്പെട്ട സമയ പരിധിയില്‍ ചെക്ക് പോയിന്റ് സന്ദര്‍ശിച്ച് നിയുക്ത സംഘത്തിനൊപ്പം അനുഗമിക്കാനും ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്താനും കഴിയും.
വിദേശത്ത് നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം മാത്രമായിരിക്കും പ്രവേശിക്കാന്‍ അനുമതി നല്‍കുക.വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും സൗദി അറേബ്യയിലെ താമസക്കാര്‍ക്ക് ലഭിക്കുന്ന അതേ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അവരും ആപ്ലിക്കേഷന്‍ വഴി സമയ സ്ലോട്ട് ബുക്ക് ചെയ്യണം. രാജ്യത്ത് പ്രവേശിച്ചത് മുതല്‍ തിരിച്ച് പുറപ്പെടല്‍ വരെ മന്ത്രാലയത്തിന്റെ നിരീക്ഷണവും സഹായവും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കോവിഡിനെ പ്രതിരോധിച്ച് നടത്തിയ കഴിഞ്ഞ തവണത്തെ ഹജ് സജ്ജീകരണവും സംവിധാനവും വിജയകരമായിരുന്നെന്നും ഉംറ പുനരാരംഭിക്കുമ്ബോള്‍ അത് മാതൃകയാക്കി ഉംറ കൈകാര്യറത്തിലും മറ്റൊരു വിജയഗാഥ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്‍ഡ്രോയ്ഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ തവക്കല്‍നാ ആപ് വൈകാതെ ലഭ്യമാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ചില സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ആപ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭിക്കും. നിലവില്‍ ഐ.ഒ.എസ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്.
ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഓരോരുത്തര്‍ക്കും മൂന്നു മണിക്കൂര്‍ സമയമാണ് അനുവദിക്കുകയെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. ഇതിനു ശേഷം മടങ്ങേണ്ട കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടകരെ തിരിച്ചയക്കും. ഒരു ഗ്രൂപ്പ് ഉംറ നിര്‍വഹിച്ച് കഴിഞ്ഞ് ഹറം വിട്ട ശേഷം മാത്രമേ അടുത്ത ബാച്ചിനെ ഹറമില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആലോചിക്കുന്ന സൗദി പൗരന്മാരും വിദേശികളും തവക്കല്‍നാ ആപ്പില്‍ പ്രവേശിച്ച് അക്കൗണ്ട് തുറന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഉംറ കര്‍മം നിര്‍വഹിക്കുന്നതിനാണോ അതല്ല, വിശുദ്ധ ഹറമില്‍ നമസ്കാരം നിര്‍വഹിക്കുന്ന തിനാണോ, അതുമല്ല, മസ്ജിദുന്നബവി സിയാറത്തിനാണോ പെര്‍മിറ്റ് വേണ്ടത് എന്ന കാര്യമാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. ഇതിനു ശേഷം പെര്‍മിറ്റ് വേണ്ട ദിവസം തെരഞ്ഞെടുത്ത് പെര്‍മിറ്റ് ഇഷ്യൂ ചെയ്യണം. ഇതോടെ ഉംറക്കും ഹറമില്‍ നമസ്കാരത്തില്‍ പങ്കെടുക്കാനും മദീന സിയാറത്തിനുമുള്ള തീയതി പ്രത്യക്ഷപ്പെടും.തുടര്‍ന്ന് ആവിശ്യ പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഫില്‍ ചെയ്യുക
ഓരോ ഗ്രൂപ്പ് ഉംറ തീര്‍ഥാടകര്‍ക്കുമൊപ്പം ആരോഗ്യ പ്രവര്‍ത്തകരനായ ഒരു ലീഡറുണ്ടാകും. ഹെല്‍ത്ത് ലീഡര്‍ തീര്‍ഥാടകരെ ഹറമില്‍ അനുഗമിക്കും. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഓരോ തീര്‍ഥാടകനും സുഗമമായി ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കും.
ഉംറ തീര്‍ഥാടകരെ വിശുദ്ധ കഅ്ബാലയത്തിനും ഹജ്റുല്‍ അസവദിനും സമീപം എത്താന്‍ അനുവദിക്കില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ഹമീദ് അല്‍മാലികി പറഞ്ഞു. വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും സ്ഥാപിച്ച ബാരിക്കേഡിനു പുറത്തു മാത്രമേ ത്വവാഫ് കര്‍മം നിര്‍വഹിക്കാന്‍ അനുവദിക്കുകയുള്ളൂ. തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുന്നതിന് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിറച്ച സംസം വെള്ളം സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്കാന് ഹറംകാര്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ ഒരുക്കിനിര്‍ത്തുകയും തീര്‍ഥാടകരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഐസൊലേഷന്‍ ഏരിയകള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
