മീനങ്ങാടി: കോഴിക്കോട്, വാര്യാട് എന്നിവിടങ്ങളിലെ ഷോറൂമുകളില്‍നിന്ന് കാറുകള്‍ മോഷ്ടിച്ച ബംഗളൂരു സ്വദേശി പിടിയില്‍. നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായാണ് മോഷ്ടാവ് നസീറിനെ കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഷോറൂമില്‍നിന്ന് വിലകൂടിയ കാര്‍ മോഷ്ടിച്ചാണ് യുവാവ് കല്‍പറ്റയിലെത്തുന്നത്.
വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ജി.പി.എസ് വഴിയാണ് കാര്‍ വയനാട്ടില്‍ എത്തിയതായി ഷോറൂം അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ഷോറൂമില്‍നിന്നെടുത്ത കാറുമായി കടന്നുകളയുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍പറ്റ പിണങ്ങോട് റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
ഇദ്ദേഹം തന്നെയാണ് ചൊവ്വാഴ്ച വാര്യാട് അമാന ടൊയോട്ടയില്‍ നിന്നും കാര്‍ മോഷ്ടിച്ചതും. സര്‍വിസിനുശേഷം ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ ക്രിസ്റ്റ കാറുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഉച്ച 12.45ഓടെയാണ് സംഭവം.
മീനങ്ങാടി ഭാഗത്തേക്കാണ് പോയത്. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് മീനങ്ങാടി പൊലീസ് ടൗണില്‍ തടസ്സമുണ്ടാക്കിയെങ്കിലും അതിനുമുമ്ബേ കാര്‍ കടന്നുപോയി.
കൃഷ്ണഗിരിയില്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതിവേഗം രക്ഷപ്പെട്ടു. കൊളഗപ്പാറയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്കുള്ള റോഡില്‍ തടസ്സമുണ്ടായതോടെ അമ്ബലവയല്‍ ഭാഗത്തേക്ക് നീങ്ങി.വടുവഞ്ചാലില്‍ നിന്നും നാട്ടുകാരാണ് കാര്‍ തടഞ്ഞ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. സാഹസിക ഓട്ടത്തില്‍ കാറിെന്റ പലഭാഗത്തും കേടുവന്നിട്ടുണ്ട്.
