ഉസൈന്‍ ബോള്‍ട്ട് വേഗതയുടെ രാജകുമാരന്‍

റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വേഗതയുടെ രാജകുമാരന്‍. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് സ്വര്‍ണമാണ് ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ ഏഴാം സ്വര്‍ണവുമാണിത്. മത്സരത്തില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ (9.89) രണ്ടാമതെത്തി. കാനഡയുടെ ആന്ദ്ര ഡി ഗ്രാസി വെങ്കല മെഡലും നേടി. മത്സരശേഷം ബോള്‍ട്ട് ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തു. നേട്ടം ജമൈക്കന്‍ ജനതക്കു സമ്മാനിക്കുന്നുവെന്നാണ് ബോള്‍ട്ട് ട്വീറ്റ് ചെയ്തത്. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 9.68 സെക്കന്റിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 9.63 സെക്കന്റ് സമയത്തിലും ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നത്. നേരത്തേ, പരിക്കിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ബോള്‍ട്ടിന്റെ ഒളിമ്പിക് പങ്കാളിത്തം പോലും അനശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ആ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഓടിയെത്താന്‍ പരിക്കുകള്‍ക്കാവുമായിരുന്നില്ല എന്നതാണ് റിയോയിലെ ട്രാക്കില്‍ കാണാന്‍ സാധിച്ചത്. ലോക റിക്കാര്‍ഡും ഒളിമ്പിക് റിക്കാര്‍ഡും സ്വന്തം പേരിലുള്ള ഈ ജമൈക്കക്കാരനു മുമ്പില്‍ ട്രാക്ക് എന്നും തലകുനിച്ചിട്ടേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *