തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കൊല്ലത്ത് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ്ചാന്‍സലറായി ഡോ.മുബാറക് പാഷയെ നിയമിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒമാന്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയാണ് അദ്ദേഹം. ഡോ. സൂധീറിനെ പ്രോ വിസിയായി നിയമിക്കാനും തീരുമാനിച്ചു.
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയെ തുടക്കത്തിലേ നിയമക്കുരുക്കില്‍പ്പെടുത്താന്‍ നീക്കം നടക്കുന്ന എന്ന ആരോപണത്തിനിടെയാണ് പുതിയ നിയമനങ്ങള്‍.അറുപതു വയസില്‍ കൂടുതലുള്ളവരെ പ്രോ വൈസ് ചാന്‍സലറായി നിയമിക്കാന്‍ പാടില്ലെന്നാണ് സര്‍വകലാശാലാ നിയമത്തിലുള്ളത്. ആദ്യ പി.വി.സിയെ സര്‍ക്കാരിന് നിയമിക്കാമെങ്കിലും, നിയമം മറികടക്കാനാവില്ല. അറുപത് വയസില്‍ കൂടാത്ത, പ്രൊഫസറായിരിക്കണം പി.വി.സിയെന്നാണ് യു.ജി.സി ചട്ടം. എന്നാല്‍, വിരമിച്ച ശേഷം കരാര്‍ നിയമനം നേടിയ പ്രൊഫസറല്ലാത്ത 64 വയസുളളയാളെ ഓപ്പണ്‍ സര്‍വകലാശാലയിലെ പി.വി.സി തസ്തികയിലേക്ക് നിയമിച്ചതാണ് വിവാദമായത്.ഈ കരാര്‍ തസ്തിക പ്രൊഫസറുടേതിന് തുല്യമല്ല. വി.സി, പി.വി.സി തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി തസ്തികകളില്‍ യു.ജി.സി യോഗ്യതയുള്ളവരെ നിയമിച്ചില്ലെങ്കില്‍ സര്‍വകലാശാലയ്ക്ക് യു.ജി.സി അംഗീകാരം ലഭിക്കില്ല.
വിദൂരപഠനത്തിന് യു.ജി.സി അംഗീകാരമില്ലെങ്കില്‍ കുട്ടികള്‍ വലയും. നേരത്തേ, യു.ജി.സി അംഗീകാരമില്ലാത്തതിനാല്‍ നാല് സര്‍വകലാശാലകളില്‍ വിദൂരപഠനം നിറുത്തേണ്ടിവന്നിരുന്നു. കേസുണ്ടായാല്‍ നിയമവിരുദ്ധ നിയമനം റദ്ദാക്കപ്പെടാം.
യോഗ്യതയുള്ള നിരവധി അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെയാണ് തുടക്കത്തിലേ കല്ലുകടിയാവുന്ന തീരുമാനം.
കേരള, കലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം ശ്രീനാരായണഗുരു സര്‍വകലാശാലയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രവേശനം ഓപ്പണ്‍ സര്‍വകലാശാലയിലാണ്.
