ഒക്ടോബര്‍ 21 നാണ് ഇരുപത്തൊന്നു വയസുകാരിയായ യുവതിയെ ശ്വാസതടസ്സം മൂലമുള്ള അസുഖത്തിന് ചികിത്സക്കായി സെക്ടര്‍ -44 ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 21 മുതല്‍ 27 വരെ ചികിത്സ നടന്ന ദിവസങ്ങളില്‍ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ബോധം തിരിച്ചുകിട്ടിയ യുവതി സംഭവം പിതാവിനോട് പറഞ്ഞു. പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്ന് പേജുള്ള കത്തില്‍ വികാസ് എന്ന ഒരാളുടെ പേരും യുവതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതി ആശുപത്രി ജീവനക്കാരാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സുശാന്ത് ലോക് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതി ലഭിച്ച ശേഷം യുവതിയുടെ മൊഴി എടുക്കാന്‍ പോലീസ് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ യുവതിക്ക് ഇപ്പോള്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മക്സൂദ് അഹ്മദ് പറഞ്ഞു. ആശുപത്രിയുടെ റെക്കോര്‍ഡ്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
“കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി ആശുപത്രി ജീവനക്കാരനാണോ എന്ന് സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് പോലും അറിയില്ല. സംഭവത്തെക്കുറിച്ച് ഞങ്ങള്‍ ആശുപത്രി മാനേജുമെന്റിനെയും ചോദ്യം ചെയ്യുന്നു. യുവതി പ്രസ്താവന നല്‍കിയതിനുശേഷം മാത്രമേ സ്ഥിതി വ്യക്തമാകൂ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
