വാളയാര്‍: വാളയാര്‍ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു. ആലപ്പുഴ വയലാറിലെ വീട്ടിലാണ് വാളയാര്‍ കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തെളിവില്ലെന്ന് കണ്ട് ഇയാളെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വിവാദമായിരുന്നു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ട 6 കേസുകളില്‍ മധു (വലിയ മധു), മധു (കുട്ടിമധു), പ്രദീപ് കുമാര്‍, ഷിബു എന്നിവരാണ് പ്രതികള്‍.സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കേസില്‍, പ്രതികളെ കോടതി വെറുതെ വിട്ടതെന്ന് പ്രതിപക്ഷവും ദളിത് സംഘടനകളും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഒക്ടോബര്‍ 9ന് സെക്രട്ടറിയേറ്റില്‍ സമരം ആരംഭിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമരം. ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്പി സോജന് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി.വൈ.എസ്പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
