കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി കാലത്ത് ദുരിതാശ്വാസത്തിനും ഭക്ഷണവിതരണത്തിനുമായി കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാര്‍ ചെലവഴിച്ചു. 39,000ത്തോളം പേര്‍ മന്ത്രാലയം രൂപവത്കരിച്ച സഹായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പലചരക്ക് സാധനങ്ങള്‍, സാമ്ബത്തികസഹായം, വാടക നല്‍കാനുള്ള സഹായം എന്നിവക്ക് പ്രതിമാസ കൂപ്പണുകള്‍ നല്‍കി. സര്‍ക്കാറും സന്നദ്ധ സംഘടനകളും നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിസന്ധികാലത്ത് കുവൈത്തില്‍ പട്ടിണിമരണങ്ങളില്ലാതെ നിലനിര്‍ത്താന്‍ സഹായിച്ചത്.
ജോലിയും വരുമാനവും ഇല്ലാതായും ലോക്ഡൗണില്‍ പുറത്തുപോകാന്‍ കഴിയാതെയും ദുരിതത്തിലായവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനളുടെയും ഭക്ഷണക്കിറ്റുകളാണ് ആശ്വാസമായത്.ലോകത്തിനുതന്നെ മാതൃകയായ മാനുഷിക സേവനങ്ങളാണ് കുവൈത്ത് അധികൃതര്‍ നടത്തിയത്. മറ്റു രാജ്യങ്ങളിലേക്കും കുവൈത്തിെന്റ സഹായം ഒഴുകി. ലോകാരോഗ്യ സംഘടനക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാലു കോടി ഡോളറാണ് കുവൈത്ത് നല്‍കിയത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സഹായം നല്‍കി.
