കൊച്ചി: കോതമംഗലം മാര്‍ തോമ്മന് ചെറിയപള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി. ജില്ലാ കലക്ടര്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലന്നും പൊലിസ് പരാജയമാണന്നും കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യക്കേസ് വിധി പറയാനായി ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ മാറ്റി. രണ്ടു ദിവസത്തിനകം ഉത്തരവുണ്ടാവുമെന്നും അതിനു മുന്‍പ് സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ആവാമെന്നും കോടതി വ്യക്തമാക്കി.
പൊലീസിനെ വിശ്വസിക്കാന്‍ ആവില്ല. വിധി നടപ്പാക്കുന്നതതിന് ഒരു വര്‍ഷം കോടതി കാത്തിരുന്നു. ഇനി അനുവദിക്കാനാവില്ല. സ്റ്റേറ്റ് അറ്റോര്‍ണി പരാജയമാണന്നും കോടതി വിമര്‍ശിച്ചു. സമയം അനുവദിക്കണമെന്ന അറ്റോര്‍ണിയുടെ ആവശ്യം കോടതി തള്ളി.
താക്കോല്‍ ഏറ്റെടുത്ത് സൂക്ഷിക്കാമെന്ന് അറ്റോര്‍ണി പറഞ്ഞെങ്കിലും ഇത്രയും നാള് അതിന് സാധിച്ചില്ലെന്നും ഇനി താക്കോല്‍ കോടതിയില്‍ ആണ് സമര്‍പ്പിക്കേണ്ടത് എന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോടതി ഉത്തരവുകളുടെ അന്തസ് ഉയര്‍ത്തേണ്ട നടപടി കോടതി തന്നെ ചെയ്യുമെന്നും കബളിപ്പിക്കാമെന്ന് കരുതേണ്ടന്നും കോടതി വ്യക്തമാക്കി.
പള്ളിയോട് ചേര്‍ന്ന് കോവിഡ് സെസ്റ്റര്‍ തുടങ്ങിയത് രാഷ്ടീയക്കളിയാണെന്നും കോടതി ചുണ്ടിക്കാട്ടി. സംസ്ഥാനത്ത് കേന്ദ്രസേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് കൈമാറി.
കോതമംഗലം മാര്‍ തോമ്മന് ചെറിയപള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് ശരിവച്ചിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും യാക്കോബായ പക്ഷവും അടക്കം സമര്‍പ്പിച്ച അഞ്ച് അപ്പീലുകള്‍ ഡിവിഷന് ബഞ്ച് തള്ളി. പള്ളി പിടിച്ചെടുക്കാനും ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നു നിര്‍ദേശിക്കാനും കോടതിക്ക് അധികാരമുണ്ട്. ആള്‍ക്കൂട്ടം ഉണ്ടന്ന് പറഞ്ഞ് വിധി നടപ്പാക്കാതിരിക്കാനാവില്ല. അനുരജ്ഞനവും 34 ലെ ഭരണഘനാ ഭേദഗതിയും കേസിലെ കക്ഷികള്‍ തമ്മിലുള്ള വിഷയമാണെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
