കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്, കുഞ്ചത്തൂര്‍പദവില്‍ യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതികള്‍ നടത്തിയത് കൃത്യമായ ആസൂത്രണമെന്നു പൊലീസ്. ദേശീയപാതയോരത്താണു കര്‍ണാടക ഗദക് രാമപൂര്‍ സ്വദേശിയായ ഹനുമന്തയെ മരിച്ചനിലയില്‍ കണ്ടത്. അപകടമരണമാണെന്ന സൂചനയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു തെളിയുകയായിരുന്നു.
സംഭവത്തില്‍ ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കര്‍ണാടക സ്വദേശി അല്ലാബാഷ (23) എന്നിവര്‍ പിടിയിലായി. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭാര്യയുമായി അല്ലാബാഷ സൗഹൃദമുണ്ടാക്കുന്നത് ഹനുമന്ത വിലക്കിയിരുന്നു. ഇതിനെച്ചൊല്ലി ദിവസങ്ങളോളം ഇരുവരും തര്‍ക്കത്തിലായിരുന്നു.
നവംബര്‍ അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും ചേര്‍ന്ന് ഹനുമന്തയെ മര്‍ദിച്ചത്. ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണ വെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്ബോള് ഭാഗ്യ കാലുകള്‍ അമര്‍ത്തിപ്പിടിച്ചതായി പൊലീസ് പറയുന്നു.
മരിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം ഇരുവരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകില്‍ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍പദവില്‍ എത്തിച്ചു. മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെ അവിടെ ഉപേക്ഷിചു എന്നും സൂചനയുണ്ട്.
പിന്നീട് ഹനുമന്തയുടെ സ്കൂട്ടര്‍ റോഡില്‍ കൊണ്ടുവന്ന് മറിച്ചിട്ടു .ഇതാണ് വാഹനാപകടമെന്ന നിഗമനത്തില്‍ ആദ്യം എത്താന്‍ കാരണം. കൊലയ്ക്ക് ഒരാഴ്ച മുന്‍പും ഇതിനെ ചൊല്ലി വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മഞ്ചേശ്വരം പൊലീസാണ് അന്വേഷണം നടത്തുന്നത്.
