തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പരാതിയുമായി യു ഡി എഫും ബി ജെ പിയും. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് യു ഡി എഫ് പരാതി നല്‍കിയിട്ടുണ്ട്. കെ സി ജോസഫ് എം എല്‍ എയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് കെസി ജോസഫ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്.
ഇന്നലെ,കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഒരു ചോദ്യത്തിന് മറുപടിയായായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതാണ് വിവാദത്തിലായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലിവില്‍ വന്നുകഴിഞ്ഞാല്‍ ഭരണാധികാരികളില്‍ നിന്ന് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തടത്തിലുളള പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നാണ് നിയമം. ഇത് ലംഘിച്ചെന്ന പരാതി ലഭിച്ചാല്‍ കമ്മിഷന് നടപടി സ്വീകരിക്കാം.
തദ്ദേശ ഭരണ സ്ഥാപങ്ങളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്ബാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷത്തിന്റെയും ബി ജെ പിയുടെയും ആരോപണം.
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില വികസന പദ്ധതികള്‍ സന്ദര്‍ശിച്ചതിനെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു.
