മുത്തങ്ങ വെടിവയ്‌പ്പിന്‌ 18 വര്‍ഷം

കല്‍പ്പറ്റ> അവര്‍ നിരായുധരായിരുന്നു, ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. ദാരിദ്ര്യം നിഴല്‍ വീഴ്ത്തിയ കണ്ണുകളും വിശന്നൊട്ടിയ വയറുമായി ഒരു തുണ്ട് മണ്ണിനുവേണ്ടി പോരാടിയ അവരുടെ നെഞ്ചിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വെടിയുതിര്‍ത്തത്. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ മാറിലണച്ച്‌ സ്ത്രീകളും അവശതകള്‍ മറന്ന് വൃദ്ധന്മാരും കുഞ്ഞുങ്ങളുമടങ്ങുന്ന ദൈന്യതയുടെ ആള്‍രൂപങ്ങള്‍ക്കുനേരെ നിറയൊഴിച്ച ജനാധിപത്യത്തിന്റെ കറുത്ത ദിനത്തിന് വെള്ളിയാഴ്ച 18 വര്‍ഷം തികയുന്നു.

2003 ഫെബ്രുവരി 19നായിരുന്നു ജോഗി എന്ന ആദിവാസിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ട മുത്തങ്ങ വെടിവയ്പ്പ്. എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. വെടിവയ്പ്പിലും തുടര്‍ന്ന് നടന്ന പൊലീസ് ഭീകരതയിലും നിരവധി ആദിവാസികള്‍ക്ക് പരിക്കേറ്റു. ഭൂസമരത്തിന്റെ ഭാഗമായി മുത്തങ്ങ കാടുകളിലെത്തിയ കാടിന്റെ മക്കള്‍ക്കുനേരെ പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് വെടിവച്ചത്.

2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ് മരിച്ച ജോഗിയുടെ മകള്‍ സീതക്ക് റവന്യൂ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായി നിയമനം നല്‍കിയത്. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. വനാവകാശ നിയമപ്രകാരം 5000ത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. സി കെ ജാനുവിന്റെ അമ്മ വെളിച്ചിക്ക് ഭൂമി നല്‍കിയതും വി എസ് സര്‍ക്കാരാണ്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു കടലാസ് മാത്രം നല്‍കി ഭൂ വിതരണം പ്രഹസനമാക്കി. ‘ആശിക്കും ഭൂമി’ ആദിവാസി പദ്ധതി അഴിമതിയില്‍ മുക്കി. പിണറായി സര്‍ക്കാരാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 225 ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കിയത്.

241 ആദിവാസി യുവാക്കളെ ഗോത്രബന്ധുക്കളായി നിയമിച്ചു. സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ പൊലീസിലും എക്സെെസിലും വയനാട്ടില്‍ മാത്രം 310 പേര്‍ക്ക് നിയമനം നല്‍കി. 1076 കുടുംബങ്ങള്‍ക്ക് 311 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ആദിവാസി സാക്ഷരതാ പദ്ധതിയും പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *