കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വേയില്‍ പിണറായിക്ക് തുടര്‍ഭരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായിക്ക് ഭരണതുടര്‍ച്ച പ്രവചിച്ച്‌ ഹൈക്കമാന്‍ഡിന്റെ രഹസ്യ സര്‍വേ. വിവാദങ്ങള്‍ ഏറെ ഉളളപ്പോഴും കൊവിഡും പ്രളയവും അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സര്‍ക്കാരിന് പ്ലസ് പോയിന്റായെന്നാണ് സര്‍വേയില്‍ വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കെ പി സി സി നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ആദ്യത്തെ സര്‍വേ നടത്തിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാദ്ധ്യതയില്ലെന്ന് സര്‍വേയില്‍ കണ്ടെത്തിയതോടെ വീണ്ടും സര്‍വേ നടത്താന്‍ രണ്ട് ഏജന്‍സികളെ കൂടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്നലെ പുറത്തുവന്ന രണ്ട് സ്വകാര്യ ചാനല്‍ സര്‍വേകളും ഇടതുമുന്നണിക്കാണ് തുടര്‍ഭരണം പ്രവചിക്കുന്നത്.

ജനുവരിയിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം വീണ്ടും സര്‍ക്കാരുണ്ടാക്കും എന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ സര്‍വേ ഫലം. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ പിടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് മുകളിലുണ്ട്. സര്‍വേയില്‍ തുടര്‍ഭരണം പ്രവചിക്കുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്‌ക്ക് ശേഷം സാഹചര്യങ്ങള്‍ മാറിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

വയനാട്ടിലുളള രാഹുല്‍ഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കൂടി രാഹുല്‍ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്ബ് മൂന്ന് സര്‍വേകളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. തനിച്ച്‌ അമ്ബത് സീറ്റെങ്കിലും നേടുക എന്നതാണ് കോണ്‍ഗ്രസ് ഇക്കുറി ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് കളികള്‍ അനുവദിക്കില്ലെന്നും വിജയസാദ്ധ്യതയുളളവരെ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കുകയുളളൂ എന്നുമുളള കര്‍ശന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അതേസമയം,കൈവശമുളള മണ്ഡലങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.

കൊല്‍ക്കത്ത, മുംബയ്, ബംഗളുരു എന്നിവിടങ്ങളിലെ മൂന്ന് ഏജന്‍സികളെയാണ് സര്‍വേയ്‌ക്കായി ചുമതലപ്പെടുത്തിയിരുന്നത്. കേരളത്തിലെ മുതിര്‍ന്ന ചില നേതാക്കളോട് മാത്രമാണ് സര്‍വേയിലെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടുളളത്. തൊണ്ണൂറ് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുമെന്ന നിഗമനത്തിലാണ് നൂറ് മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവമുളളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വേയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നുകൂടി കൊഴുപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഇരുപത് സീറ്റിന് മുകളില്‍ നേടാന്‍ മുസ്ലീം ലീഗിന് സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ് (ജോസഫ്/ജേക്കബ്), ആര്‍ എസ് പി, സി എം പി അടക്കമുളള ഘടകകക്ഷികള്‍ നേടുന്ന സീറ്റുകള്‍ കൂടി ചേര്‍ക്കുമ്ബോള്‍ യു ഡി എഫിന് ഭരണം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 71 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അമ്ബത് മണ്ഡലങ്ങള്‍ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിര്‍ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുള്‍പ്പെടുത്തും. 2016ല്‍ പാര്‍ട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാദ്ധ്യതയുളള മറ്ര് മണ്ഡലങ്ങളുമാണ് എ ക്ലാസില്‍ ഉള്‍പ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *