നാലുദിവസം മുമ്ബ് കടത്തിയ ഒന്നരക്കിലോ സ്വര്‍ണം ബിന്ദു മറിച്ചുവിറ്റു, മറ്റുസംഘങ്ങളുമായി ബന്ധമെന്നും സംശയം, മൊഴികള്‍ വിശ്വസിക്കാതെ പൊലീസ്

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവം പുതിയ തലത്തിലേക്ക്. സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന ഒന്നരക്കിലോ സ്വര്‍ണം മറ്റൊരു സംഘത്തിന് മറിച്ചു കടത്തിയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ബിന്ദു സ്വര്‍ണം കൊണ്ടുവന്നത് നാല് ദിവസം മുമ്ബാണ്. ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നതായും പിടിക്കപ്പെടുമെന്നായപ്പോള്‍ ഇത് വഴിയില്‍ ഉപേക്ഷിച്ചതായുമാണ് യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉപേക്ഷിച്ച സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതും എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച്‌ ബിന്ദു യാതൊന്നും വെളിപ്പെടുത്താത്തതും ദുരൂഹമായി നില്‍ക്കുന്നു.

ബിന്ദുവിന് മറ്റേതെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും സംശയം ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണം മറ്റേതെങ്കിലും സംഘത്തിന് കൈമാറിയോയെന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

അതിനിടെ അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കണിച്ചു കൊടുത്ത ആളെ പൊലീസ് കസ്റ്റഡഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തട്ടിക്കൊണ്ടുപോയ നാലംഗസംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍, യുവതിയുടെ വീട് കാട്ടി കൊടുക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീട് ആക്രമിക്കുകയും ബിന്ദുവിന്റെ ഭര്‍ത്താവിനെയും മക്കളെയും മര്‍ദ്ദിക്കുകയും ചെയ്ത മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായതായും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പിടിയിലായ പീറ്ററിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മലബാര്‍ മേഖലയിലുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കും ആലപ്പുഴയും എറണാകുളവും കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന ബിന്ദു,​ പിന്നീട് ആട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് യുവതിയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സനല്‍കിയ ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. ആലപ്പുഴ എസ്.പി ജയനാഥിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *