തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. 30,000ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരന്‍ ഇങ്ങിനെ പ്രതികരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്ക്കരിക്കണം. ഈ കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. പാര്‍ട്ടി നിശ്ചയിക്കട്ടെ. അപ്പോള്‍ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിയവികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും മാത്രം മതി ജനങ്ങള്‍ക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യാന്‍. ചിട്ടയായ പ്രവര്‍ത്തനം നടത്തി ഇത് ജനങ്ങളിലെത്തിച്ചാല്‍ ബി.ജെപി.യെ അവര്‍ കൈവിടില്ലെന്നാണ് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇതേ ജനവികാരം കേരളത്തിലാകെ ഉരുത്തിരിയുകയാണ്. എല്‍. ഡി.എഫിനും യു.ഡി.എഫിനുമെതിരായ ആ ജനവികാരം കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരത്തുണ്ട്. തീര്‍ച്ചയായും 14 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയിക്കാനാവും.
ശബരിമല പ്രക്ഷോഭത്തില്‍ ശരികളുള്ളതുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി നിര്‍ബന്ധിതനായത്. എന്നാല്‍, അതിനെ മറയാക്കി രാജ്യത്തിനെതിരായി നടത്തിയ സി.എ.എ വിരുദ്ധക്കേസുകള്‍ പിന്‍വലിക്കുന്നത് പിണറായിയുടെ നയവൈകല്യമാണ് സൂചിപ്പിക്കുന്നത്. ആ ക്രൂരമായ പ്രഖ്യാപനം അംഗീകരിക്കാനാവില്ല- കുമ്മനം പറഞ്ഞു.
സി.പി.എം മുസ്ലീംലീഗിനെതിരാണെന്നും കോണ്‍ഗ്രസിനെതിരാണെന്നുമൊക്കെ പറഞ്ഞ് അവരുമായി ഒത്തുകളിക്കുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലാണെങ്കില്‍ എല്‍.ഡി.എഫ് മതമൗലികവാദികളായ പോപ്പുലര്‍ഫ്രണ്ടിനെ കൂട്ടുപിടിക്കുന്നു. മുസ്ലീം വോട്ടു കിട്ടുമെന്ന് കരുതിയാണ് രണ്ടുകൂട്ടരും ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍ ബി.ജെ.പിക്ക് ഈ മതവിഭാഗങ്ങളിലെ സമാധാനമാഗ്രഹിക്കുന്ന ജനങ്ങളാണ് വോട്ടചെയ്യുക. ഒരു വിഭാഗീയതയേയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിച്ച് ബി.ജെ.പിക്ക് വിജയം ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു.
വിവാദങ്ങള്‍ ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം ആക്ഷേപമുന്നയിക്കാറുള്ളത്. എന്നാല്‍, ഇവര്‍ രണ്ടുപേരും ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പി ക്കെതിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. സി.പിഎം- കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയാലെ എന്തെങ്കിലും പുരോഗതിയുണ്ടാവുവെന്ന് ജനങ്ങള്‍ തന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണ്. രാഷ്ട്രീയവിശുദ്ധി കാത്തു സൂക്ഷിച്ച ബി.ജെ.പിയേയും എന്‍.ഡി.എമുന്നണിയേയും ജനങ്ങള്‍ വലിയ ദൗത്യമാണ് കേരളത്തിലേല്പിക്കാന്‍ പോകുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതുകൊണ്ട് ആശയവും ആദര്‍ശവും കൈവിട്ടുകൊണ്ടുള്ള ഒരു കൂട്ടുകെട്ടിനും ബി.ജെ.പി തയ്യാറല്ല.
ശോഭാസുരേന്ദ്രന്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണല്ലോ? ലീഗിന്റെ നിലപാട് അവര്‍ പറയട്ടെ. ബി.ജെ.പിയെയും മോദി സര്‍ക്കാരിനേയും അംഗീകരിക്കാന്‍ തയ്യാറുള്ളവരാണ് എന്‍.ഡി.എയിലേക്ക് വരാന്‍ തയ്യാറാകുന്നത്. അങ്ങനെ ബി.ജെ.പിയുടെ ആശയത്തെയും മോദി സര്‍ക്കാരിനേയും അംഗീകരിക്കുന്ന, ദേശീയബോധമുള്ള ആര്‍ക്കും എന്‍.ഡി.എ ഘടകകക്ഷിയാകാമെന്നും കുമ്മനം പറഞ്ഞു.
സി.പി.എം- ബി.ജെ.പി ബാന്ധവമെന്ന പ്രചാരണം ഇനി ഏശില്ല. യു.ഡി.എഫും- എല്‍.ഡി.എഫും പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുന്നുവെന്നത് അവരുടെ ജനിതകമാണ്. അവരുടെ ജാതകത്തില്‍ അങ്ങിനെയുണ്ട്. കാരണം അവരുടെ വളര്‍ച്ച പരസ്പരം സഹായിച്ചും സഹകരിച്ചും പാരവെച്ചും കുതികാല്‍വെട്ടിയുമൊക്കെയായിരുന്നല്ലോ? അതിനാല്‍ ബി.ജെ.പിയെ തോല്പിക്കാന്‍ അവര്‍ എന്ത് പണിയുമെടുക്കും. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റതും എന്നെ തോല്പിക്കാന്‍ തിരുവനന്തപുരത്ത് സി.ദിവാകരന്‍ ശശി തരൂരിന് വോട്ട് മറിച്ചതും ഇതിന്റെയൊക്കെ ഭാഗമായാണ്. ഇതെല്ലാം ഈ നാട്ടിലുള്ളവര്‍ക്ക
റിയാമെന്നിരിക്കെ, ബി.ജെ.പിയെ ഒരാലയില്‍ കൂട്ടി കെട്ടാമെന്ന ഈ ഒത്തുതീര്‍പ്പ്രാ ഷ്ട്രീയക്കാരുടെ പ്രചാരണം ഏശില്ല- കുമ്മനം പറഞ്ഞു. സംസ്ഥാന ഭരണം പിടിക്കാന്‍ ബി.ജെ.പി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 64 വര്‍ഷമായി ഈ സംസ്ഥാനം ഭരിച്ചു മുടിക്കുന്ന വരെക്കാള്‍ ‘ സ്റ്റഡി ബട്ട് സ്ലോ ‘ എന്ന തരത്തില്‍ വളര്‍ന്നു കഴിഞ്ഞു. നിര്‍ണ്ണായക ശക്തിയാണ് പലയിടത്തും ബി.ജെ.പി. അത് ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ ശക്തമാവുകയും ചെയ്യും.
