ന്യൂഡല്‍ഹി: ലൈഗീക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ മന്ത്രി സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്‌സ് വീഡിയോ വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നും ആം ആദ്മി പാര്‍ട്ടിയില്‍നിന്നും പുറത്തായ സന്ദീപ് കുമാര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. വീഡിയോ ദൃശ്യങ്ങളിലുള്‍പ്പെട്ട സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് സ്ത്രീ പോലീസില്‍ പരാതിപ്പെട്ടത്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ട് എത്തിയ തന്നെ ലഹരി കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തെത്തിയശേഷമാണ് സന്ദീപ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സെക്‌സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിസ്ഥാനം പോയ എഎപി എംഎല്‍എ സന്ദീപ് കുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുമാറിനെതിരേ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും എഎപി അറിയിച്ചു. പാര്‍ട്ടി അച്ചടക്കസമിതി വിഷയം പരിശോധിച്ച ശേഷമാണ് സന്ദീപ് കുമാറിനെതിരേ നടപടിയെടുത്തതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
