ബംഗളുരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ കര്‍ണാടകയില്‍ വന്‍പ്രതിഷേധം. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബംഗളുരുമൈസൂര്‍ ദേശീയപാത കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്. കനത്ത ഗതാഗതക്കുരുക്കിന് ഇത് കാരണമായി. ബാഗഌരില്‍ നിന്ന് മൈസൂര്‍ വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏകദേശം എഴുന്നൂറോളം സര്‍ക്കാര്‍ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചതായാണ് വിവരം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് ബംഗളുരു അടക്കമുള്ള ജില്ലകളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കര്‍ണാടകയിലെ കര്‍ഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും മാണ്ഡ്യ ജില്ലയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമാണ്. കാവേരി നദീജല തര്‍ക്കത്തില്‍ ഏറെ വൈകാരികമായി പ്രതികരിക്കുന്ന ജില്ലയാണ് മാണ്ഡ്യ. കാവേരി നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്നാണ് നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രതിഷേധങ്ങളും അരങ്ങേറുന്നത്. ജില്ലയിലെ സ്‌കൂളുകളും കോളേജുകളും അടച്ചിടും. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് തമിഴ്‌നാടിന് 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടത്. നാളെ മുതല്‍ അടുത്ത പത്ത് ദിവസത്തേക്കാണ് 15,000 ഘനഅടി വീതം വെള്ളം കൊടുക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.
