വയനാട്: കോവിഡ് രണ്ടാം തരംഗത്തില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുളള പഞ്ചായത്ത് തിരുനെല്ലിയാണ് (20.03 ശതമാനം). കണിയാമ്ബറ്റ, നെന്‍മേനി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, അമ്ബലവയല്‍ പഞ്ചായത്തുകളില്‍ 10-12 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടുതല്‍ രോഗബാധിതര്‍ സുല്‍ത്താന്‍ ബത്തേരി (157), മാനന്തവാടി (111), നെന്‍മേനി (109), മേപ്പാടി ( 105), കല്‍പ്പറ്റ (92) ഗ്രാമപഞ്ചായത്തുകളിലാണ്.
പടിഞ്ഞാറത്തറ കാപ്പിക്കുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി എന്നിവയാണ് ജില്ലയിലെ മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. വെള്ളി, ശനി ദിവസങ്ങളിലായി 6500 പേരെ പരിശോധിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുളളത്.
രോഗം നിയന്ത്രിക്കുന്നതിനായി കോവിഡ് കൂട്ടപ്പരിശോധന, കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭ്യമാക്കുക എന്നിവയ്ക്ക് പുറമെ നിരീക്ഷണം ശക്തമാക്കാനും തീരുമാനം. പൊതുഇടങ്ങളില്‍ പരിശോധന ശക്തമാക്കുന്നതിനായി പോലീസ് സേനയുടെ അംഗബലത്തിന്റെ മൂന്നില്‍ ഒരു വിഭാഗം ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അറിയിച്ചു.
സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് കൃത്യമായി ധരിക്കാത്തവര്‍ എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. പൊതുവാഹനങ്ങളില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഹോട്ടലുകളിലെ പാര്‍സല്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൊതുയിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. കടകള്‍, പൊതുവാഹനങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം, മരണം, പൊതു യോഗങ്ങള്‍ തുടങ്ങിയവയിലും കോവിഡ് മാനദണ്ഡം പാലിക്കാതിരുന്നാല്‍ നിയമ നടപടി സ്വീകരിക്കും.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ശനിയാഴ്ച്ച നടക്കുന്ന കൂട്ടപ്പരിശോധനയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവര്‍ത്തിച്ചവര്‍ പരിശോധനയില്‍ സ്വമേധയാ പങ്കാളികളാകണം. വ്യാപാരികള്‍, ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവരെയും ഇതിന്റെ ഭാഗമായി പരിശോധിക്കും. രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ലക്ഷണം ഇല്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് സൗജന്യമായി നടത്തുന്നത്. വരു ദിവസങ്ങളില്‍ വാക്സിന്‍ നല്‍കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. 30,000 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. വാക്സിന്‍ ക്ഷാമം നിലവില്‍ ജില്ലയില്‍ ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.
