കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ഇന്ന് മുതല്‍ പൊലീസ് കളത്തിലിറങ്ങും.സിറ്റി പൊലീസിന്റെയും റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും. രാത്രി 9 മണിക്ക് ശേഷം മതിയായ കാരണങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈകൊള്ളും. നഗരത്തില്‍ കൂടുതല്‍ പൊലീസിനെ ഇന്ന് മുതല്‍ നിയോഗിക്കും. 9ന് ശേഷം കടകള്‍ അടക്കണം എന്ന് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം, മാസ്ക്, സാനിറ്റിസര്‍ എന്നിവ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുക.
കൊവിഡ് 19 വാക്‌സിനേഷനായി ടൗണ്‍ ഹാളില്‍ വരുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത് സമയം ലഭിച്ചതിന് ശേഷം മാത്രമേ വാക്‌സിന്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ദിവസം 500 പേര്‍ക്ക് മാത്രമായിരിക്കും ഇന്ന് മുതല്‍ വാക്‌സിനേഷന്‍. ക്രമാതീതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് 500 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും രോഗ ലക്ഷണം ഉള്ളവരും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ യാതൊരു കാരണവശാലും പോകാന്‍ പാടുള്ളതല്ലെന്നും ഡി.എം.ഒ അറിയിച്ചു. തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍, മേളക്കാര്‍, പൂരക്കമ്മറ്റി അംഗങ്ങള്‍, പാപ്പാന്മാര്‍, സംഘാടകര്‍ എന്നിവര്‍ക്ക് കൊവിഡ് 19 ടെസ്റ്റ് (ആര്‍.ടി.പി.സി.ആര്‍) ചെയ്യുന്നതിനുള്ള സൗകര്യം ടൗണില്‍ മൂന്ന് കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തിക്കുകയാണ്. ഞായറാഴ്ച 1780 പേര്‍ക്കും ഇന്നലെ 1388 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ആദ്യ വരാമാകുമ്ബോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിലേറെ എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടല്‍. അതു കൊണ്ട് തന്നെ കര്‍ശന ജാഗ്രത ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പ് ആണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.
