കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴില്‍ നഷ്ടപ്പെട്ട് അതിഥി തൊഴിലാളികള്‍. ഹോട്ടല്‍–- നിര്‍മാണ മേഖലയില്‍ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായും ഒറ്റയ്ക്കും സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്.
പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ആയിരത്തി ഇരുന്നൂറോളം പേരാണ് ട്രെയിന്‍ കയറിയത്. തമിഴ്നാട്ടുകാരും മടങ്ങിയിട്ടുണ്ട്. സ്വദേശത്തെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുറച്ചു നാളുകള്‍ക്കു മുമ്ബ് ചിലര്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇത് കൂടാതെയാണ് വീണ്ടും മടക്കം.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ ജോലിയെടുക്കുന്ന ഹോട്ടല്‍ മേഖലയിലും നിര്‍മാണമേഖലയിലും വില്‍പ്പന കേന്ദ്രങ്ങളിലും കോവിഡ് വ്യാപനം പ്രതിസന്ധി തീര്‍ത്തിട്ടുണ്ട്. ബീച്ചുകളിലും മറ്റും വില്‍പ്പന നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് പണിയില്ലാതായി. ഹോട്ടല്‍ മേഖലയില്‍ 40 ശതമാനത്തോളം തൊഴിലാളികളാണ് പണി നിര്‍ത്തി സ്വദേശങ്ങളിലേക്ക് തിരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹോട്ടലുകളില്‍ കച്ചവടം കുറഞ്ഞിരുന്നു. റമദാന്‍ മാസത്തില്‍ പലതും അടച്ചിടുകയും ചെയ്തു.
അതേസമയം, കോവിഡിനെ തുടര്‍ന്ന് വീണ്ടും ഹോട്ടലുകള്‍ അടച്ചിടേണ്ടിവന്നാല്‍ ഇവിടെയുള്ള അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങള്‍ എങ്ങനെ ഒരുക്കുമെന്ന ആശങ്കയിലാണ് ഉടമകള്‍.
ബീച്ചുകളില്‍ കോവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കച്ചവടക്കാരായ അതിഥി തൊഴിലാളികള്‍ക്ക് പ്രതിസന്ധിയായി. കോഴിക്കോട് ബീച്ചില്‍ മാത്രം കളിക്കോപ്പുകളടക്കം വില്‍പ്പന നടത്തി ഉപജീവനം തേടുന്നവര്‍ അനവധിയാണ്.
തൊഴില്‍ അവസാനിപ്പിച്ച് കൂട്ടത്തോടെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അഡീഷണല്‍ ലേബര്‍ കമീഷണര്‍ കെ എം സുനില്‍ പറഞ്ഞു. കുറച്ചുപേര്‍ പോയിട്ടുണ്ടാകാം. ഇതുമായി ബന്ധപ്പെട്ട് തൊഴിലുടമകളുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
