ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി വിമര്‍ശനം ഉന്നയിച്ചുവെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെ സമയം ഉന്നത തല യോഗത്തില്‍ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
കഴിഞ്ഞ തവണ നമുക്ക് പി.പി.ഇ കിറ്റുകളോ മാസ്കോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ വെല്ലുവിളികളെ നാം കാര്യക്ഷമതയോടെ മറികടന്നു. പി.പി.ഇ, കിറ്റുകളും മാസ്കും വെന്‍റിലേറ്റുകളും നിര്‍മിച്ചു. എന്നാല്‍, ഇത്തവണ നാം കുറച്ച് കൂടി മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന് മോദി പറഞ്ഞു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ ഭല്ല, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, ഫാര്‍മ സെക്രട്ടറി എസ്. അപര്‍ണ, നീതി ആയോഗ് അംഗം വി.കെ പോള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
