കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗം ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണെന്നും ഫിറോസ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അന്വേഷണ സംഘത്തിന്റെ കീഴില്‍ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലുംഅവര്‍ക്ക് മുകളിലും ഭരണകക്ഷി സമ്മര്‍ദ്ദം ചെലുത്തുന്നത് കാരണം കേസ് ഇഴഞ്ഞ് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പ്രതി ജാബിര്‍ ഓണ്‍ലൈനില്‍ വന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പ്രതിയെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.
‘ബോംബ് നിര്‍മാണം നടന്നതെന്ന് നാട്ടുകാര്‍ സംശയിക്കുന്ന കേസിലെ പ്രധാന പ്രതി സുഹൈലിന്റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കാന്‍ എത്തിയത് ദുരൂഹമാണ്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ന്യായമായും സംശയിക്കുന്നു’. ഇതിന് നേതൃത്വം കൊടുത്ത സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്ബര്‍ ഹരീന്ദ്രന്‍ പാനൂര്‍, നഗരസഭ കൗണ്‍സിലര്‍ ദാസന് എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഫിറോസ് പറഞ്ഞു.
