കൊച്ചി: കോവിഡ് വ്യാപന കാലം സാമ്പത്തിക മേഖലയില്‍ മാന്ദ്യത്തിന്റെ കാലമായാണ് പൊതുവെ കണക്കാക്കി വരുന്നത്.വ്യാപരമേഖലയിലെ മാന്ദ്യം കച്ചവടക്കാരുടെയും തൊഴിലാളികളുടെയും വരുമാനം കുറച്ചു. തൊഴിലുകള്‍ കുറവായതിനാല്‍ സമസ്തമേഖലയിലുമുള്ള തൊഴിലാളികളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്.മാസശമ്പളക്കാര്‍ക്കും സാലറി കട്ട് വന്നതോടെ വരുമാനം കുറഞ്ഞു.ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പ്രവാസി കുടുംബങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കി.
ഭൂരിഭാഗം മേഖലകളിലും സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമ്പോള്‍ ചില മേഖലകള്‍ ഇപ്പോഴും ശുഭപ്രതീക്ഷയായി നില്‍ക്കുന്നുണ്ട്.പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക വരുമാനമുണ്ടാക്കാനാകുന്ന ചില മേഖലകള്‍ ഒളിഞ്ഞിരിക്കുന്നു. പുതിയ മേഖലകളിലേക്ക് നിക്ഷേപമിറക്കുന്നതിനുള്ള സുവര്‍ണാവസരങ്ങളും തെളിഞ്ഞു വരുന്നു.
കോവിഡ് കാലം പുതിയ ധനിക വിഭാഗത്തെ നിര്‍മിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നാണ് സാമ്പത്തിക മേഖലയിലെ നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് കമ്പനികളിലെ ജീവനക്കാരാണിവര്‍. പ്രതിമാസം രണ്ടു ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്ന പതിനായിരക്കണക്കിന് മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാര്‍ കേരളത്തിലുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരുമുണ്ട്.നിരന്തരമായ ലോക്ഡൗണുകളും വര്‍ക്ക് അറ്റ് ഹോം സംവിധാനവും മൂലം ഇവരുടെ വരുമാനം ചെലവാക്കപ്പെടുന്നില്ല.കോവിഡിന് മുമ്പ് ഉയര്‍ന്ന രീതിയില്‍ പണം ചെലവിട്ട് ജീവിച്ചവരാണിവര്‍.ഇവര്‍ക്ക് പണം ചെലവിഴിക്കാന്‍ ഇപ്പോള്‍ വഴികളില്ല.ഇത്തരമാളുകളുടെ അകൗണ്ടുകളില്‍ പണം വര്‍ധിച്ചു വരികയാണ്. കോവിഡാനന്തര കാലത്ത് ഈ വിഭാഗമാകും സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയെന്നാണ് സാമ്പത്തിക വിദഗ്്ദര്‍ വിലയിരുത്തുന്നത്.
ഇത്തരത്തില്‍ ചെലവഴിക്കാനാകാതെ കൈവശമുള്ള പണം പലരും നിക്ഷേപങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുന്നുണ്ട്. പ്രധാന നിക്ഷേപമേഖല വിവിധ കമ്പനികളുടെ ബോണ്ടുകളും ഇന്‍ഷുറന്‍സ് പോളിസികളുമാണ്.ഇന്‍ഷുറന്‍സ് മേഖലയില്‍ കോവിഡ് കാത്ത് വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്.ലൈഫ്,മെഡിക്കല്‍ പോളിസികള്‍ക്കൊപ്പം യൂണിറ്റ് ലിങ്ക്ഡ് പോളിസികളിലും നിശ്ചിത കാല ബോണ്ടുകളിലുമായി പണം നിക്ഷേപിക്കപ്പെടുന്നുണ്ട്.
കോവിഡ് കാലത്ത് വളര്‍ച്ച നേടിയത് ഐ.ടി.,ലോജിസ്റ്റിക്‌സ്,റീട്ടെയില്‍,ഫാര്‍മ,ലാബ് സെക്ടറുകളാണ്.ഈ മേഖലകളില്‍ നേരിട്ട് നിക്ഷേപമിറക്കിയവര്‍ക്കും പരോക്ഷമായി നിക്ഷേപമിറക്കിയവര്‍ക്കും മികച്ച വരുമാനമാണ് ലഭിക്കുന്നത്.അവശ്യസാധനങ്ങളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് പ്രസക്തി വര്‍ധിച്ചു വരികയാണ്. മേല്‍പറഞ്ഞ മേഖലകളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ കഴിയാത്തവര്‍ ഈ മേഖലകളിലെ കമ്പനികളുടെ ഷെയറുകളിലാണ് കോവിഡ് കാലത്ത് ധാരാളമായി നിക്ഷേപം നടത്തിയിട്ടുള്ളത്. റീട്ടെയില്‍,ഫാര്‍മ,ലാബ് സെക്ടറുകളില്‍ മഹാഭൂരിഭാഗം കമ്പനികളുടെയും ഓഹരി വില നാലും അഞ്ചും മടങ്ങായി വര്‍ധിച്ചിട്ടുണ്ട്.
