പത്തനംതിട്ട: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് 8.13 കോടി തട്ടിയെടുത്ത കേസില്‍ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് തിരുവല്ല ജില്ല യൂണിറ്റിനാണ് അന്വേഷണ ചുമതല. ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ചു. റിമാന്‍ഡില്‍ കഴിയുന്ന വിജീഷ് വര്‍ഗീസിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനും ക്രൈംബാഞ്ച് വൈകാതെ അപേക്ഷ സമര്‍പ്പിക്കും. പത്തനംതിട്ട പോലീസാണ് കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ വിജീഷ് വര്‍ഗീസിനെ കഴിഞ്ഞ ദിവസമാണ് പോലീസ് ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ബാങ്കിലെ ഇടപാടുകരുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തായിരുന്നു തട്ടിപ്പ്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാറിയാവുന്ന പാസ്‌വേഡുകള്‍ അട്ടിമറിച്ചതിന്റെ സാങ്കേതിക വിദ്യകളാണ് അന്വേഷണ സംഘത്തിന് ഇനി കണ്ടെത്താനുള്ളത്. തട്ടിപ്പിന് ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. മൂന്ന് മാസം കൂടുമ്ബോള്‍ പാസ്‌വേഡുകള്‍ മാറ്റുന്നതാണ് പൊതുവായ രീതി. പക്ഷേ ഇത് കൃത്യമായി നടന്നിട്ടില്ലെന്നാണ് വിവരം. ഇത് പ്രതിക്ക് സഹായകരമായി. എന്നാല്‍ തട്ടിപ്പ് നടത്തിയ പണം എവിടെയെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് വര്‍ഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപയും മാറ്റിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്.
