ചെന്നിത്തലക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവായി രമേശ്‌ ചെന്നിത്തലയെ നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്ത്. എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. മറിച്ചുള്ള തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയതോടെയാണ് വിശദീകരണകുറിപ്പുമായി അദ്ദേഹം തന്നെ രംഗത്ത്‌ വന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്​ക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്​. രാജീവ് ​ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴെ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ വിമര്‍ശനകമന്‍റുകളുമായി എത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച്‌ വന്നിട്ടുള്ള അഭ്യുഹങ്ങള്‍ സത്യവിരുദ്ധമാണ്. അതുസംബന്ധിച്ച ചര്‍ച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാന്‍ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട വ്യാജവാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *