കോണ്‍ഗ്രസില്‍ തലമുറ മാറ്റം, വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. അവസാന നിമിഷം വരെ തുടര്‍ന്ന സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലായിരുന്നു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സതീശനെ പിന്തുണയ്‌ക്കുകയായിരുന്നു.

സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനനേതാക്കളെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തോട് ലീഗും പരോക്ഷ പിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും നേരിട്ട്, കാര്യങ്ങള്‍ വിശദീകരിച്ച്‌ സാഹചര്യം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന.

അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.

ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുളള ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *