പത്തനംതിട്ട: ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയെ കേസില്‍ പ്രതിയായ പൊലീസുകാരന്‍ വിവാഹം കഴിച്ചു. കീക്കൊഴൂരിലാണ് വിവാഹം നടന്നത്. പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ദേവ് ആണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതുവഴി അറസ്റ്റ് ഒഴിവാക്കുകയാണ് പ്രതി ലക്ഷ്യമിട്ടത്. ഇയാള്‍ക്ക് പൊലീസിലുള്ളവരുടെ സഹായം ലഭിച്ചതായും ആരോപണം ഉണ്ട്.
ഏപ്രില്‍ 19ന് അരുണ്‍ദേവിനെ വീട്ടില്‍നിന്ന് കാണാതായതുമായി ബന്ധപ്പെട്ട് അമ്മ നല്‍കിയ പരാതിയാണ് ഇയാളെ പീഡനക്കേസില്‍ കുടുക്കിയത്. സ്വന്തം ബൈക്കില്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി, അവിടെനിന്ന് സ്കൂട്ടറിലാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇതിനിടെ അമ്മയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അരുണ്‍ദേവിന്‍റെ ഫോണിലേക്ക് അവസാനം വിളിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്. അവിവാഹിതരായ ഒരുകൂട്ടം യുവതികള്‍ സ്റ്റേഷനിലെത്തി. തങ്ങളെയെല്ലാം അരുണ്‍ദേവ് പ്രേമിച്ചിരുന്നതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും യുവതികള്‍ പറഞ്ഞു.
ഇതോടെ അരുണ്‍ദേവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ട റാന്നി പുല്ലൂപ്രം സ്വദേശിനി അഭിഭാഷകന്‍ മുഖേന നല്‍കിയ പരാതിയിലാണ് ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തത്. ഇതുകൂടാതെ എസ്. പി ആര്‍ നിശാന്തിനിക്കും അരുണ്‍ദേവിനെതിരെ പരാതി ലഭിച്ചു. ഇതേത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക പീഢനം നടത്തുകയും പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ അന്വേഷിക്കുന്ന ചുമതലയായിരുന്നു അരുണ്‍ദേവിന്. ഇത്തരത്തില്‍ പരാതികള്‍ നല്‍കിയ യുവതികളെ വാട്സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ അരുണ്‍ദേവ് കെണിയില്‍ വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് റാന്നി സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ലോക്ക്ഡൌണ്‍ കാലത്ത് യുവതിയുടെ വീട്ടിലെത്തിയ അരുണ്‍ദേവ് വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആറു തവണ കൂടി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി, ലൈംഗികമായി പീഡിപ്പിച്ചു. നവംബര്‍ രണ്ടിന് അരുണ്‍ദേവ് താമസിക്കുന്ന പൂങ്കാവലിലെ വീട്ടിലെത്തിച്ചും യുവതിയെ പീഡിപ്പിച്ചു. ഇതുകൂടാതെ മറ്റൊരു ഫ്ലാറ്റില്‍വെച്ചും യുവതിയെ രണ്ടുതവണ പീഡിപ്പിച്ചു. ഇതിനിടെ യുവതിയുടെ കൈയില്‍നിന്ന് 1,73,800 രൂപ, അരപവന്റെ മാല, മുക്കാല്‍ പവന്റെ കമ്മല്‍ എന്നിവയും അരുണ്‍ദേവ് തട്ടിയെടുത്തു.
അരുണ്‍ദേവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഇയാള്‍ വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. അതിനിടെയാണ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയെ വിവാഹം കഴിച്ച് കേസ് ഒതുക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തല്‍ക്കാലം അറസ്റ്റ് ഒഴിവായെങ്കിലും കേസ് കോടതിയിലെത്തുമെന്ന് ഉറപ്പായതോടെ, അരുണ്‍ദേവ് തുടര്‍ നടപടികള്‍ നേരിടേണ്ടി വരും.
