ഗ്യാന്‍വാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയില്‍

ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തില്‍ സുപ്രിംകോടതിയുടെ നിലപാട് നിര്‍ണ്ണായകമാണ്.

മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സര്‍വേയും സിവില്‍ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹര്‍ജികള്‍. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

വാരണസി സിവില്‍ കോടതിയുടെ ഇന്നലത്തെ നടപടികള്‍ കോടതി തടഞ്ഞിരുന്നു. വാരാണസി സിവില്‍ കോടതി ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. വാരണസി സിവില്‍ കോടതി ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

മസ്ജിദില്‍ വിഡിയോ ചിത്രീകരണം അടക്കം സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ വാരണാസി സിവില്‍ കോടതി സര്‍വേ സംഘത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതിലായിരുന്നു നടപടി. അജയ് കുമാര്‍ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിക്കാര്‍ സിവില്‍ കോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇല്ലെങ്കില്‍ റിപ്പോര്‍ട്ടില്‍ പല നിര്‍ണായക വിവരങ്ങളും ഉള്‍പ്പെടില്ലെന്ന ആശങ്കയാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *