കപില്‍ സിബല്‍ പാര്‍ട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കാനില്ല. തെറ്റുകള്‍ ഉള്‍ക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഉന്നത നിലവാരമുള്ള കത്താണ് കപില്‍ സിബല്‍ പാര്‍ട്ടിക്ക് അയച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപില്‍ സിബല്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് ഉച്ചയോടെയാണ് കോണ്‍ഗ്രസ് വിട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കി.

ബിജെപി സര്‍ക്കാറിനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുമെന്നായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കിയശേഷം സിബല്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ വിമതശബ്ദമുയര്‍ത്തിയ ജി23 നേതാക്കളില്‍ പ്രധാനിയായിരുന്നു കപില്‍ സിബല്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ അദ്ദേഹം പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *