ഫാത്തിമക്ക് ഇനി ആദിലയൊടൊപ്പം ജീവിക്കാം; സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിക്കാന്‍ അനുമതി നല്‍കി കോടതി

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒന്നിച്ചു ജീവിക്കാന്‍ വിട്ട് കേരള ഹൈക്കോടതി. തന്റെ പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി.ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു കോടതി വ്യക്തമാക്കി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. സ്വവര്‍ഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.

തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച്‌ പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച്‌ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.

രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തി. ചേംബറില്‍വച്ചു സംസാരിച്ച്‌ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *