സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നത് ഇതുവരെ കാണാത്ത അതിക്രമമെന്ന് വി ഡി സതീശൻ

സംസ്ഥാനത്ത് സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നത് ഇതുവരെ കേരളം കാണാത്ത അതിക്രമമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തൊടുപുഴയിൽ പ്രതിഷേധ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് നേതാവായ ബിലാലിന്റെ കണ്ണ് നോക്കി പൊലീസ് അടിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ കാലിലും അടിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റ സംഭവത്തെ കുറിച്ചായിരുന്നു സതീശന്റെ പ്രതികരണം. ഇതേ രീതിയിൽ തന്നെ ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന് നേരെയും ആക്രമണമുണ്ടായി. പ്രധാന നേതാക്കൾ എല്ലാം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. തന്നെ കൊല്ലുമെന്ന് വരെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിൽ ആർക്ക് എതിരെയും കേസെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ശക്തമായി തന്നെ കേരളത്തിൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിഷേധ മാർച്ചിനിടെയുണ്ടായ ലാത്തിചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ബിലാൽ സമദിന് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിലാൽ ഇപ്പോൾ അങ്കമാലിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിലാലിന്റെ ഇടതു കൺപോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28 തുന്നലുകളുണ്ട്.

ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സകൾക്ക് ശേഷം മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തിൽ എന്തെങ്കിലും പറയാനാവൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ മുറിവ് ഭേദമാകാൻ വേണ്ടിയുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണു ബിലാലിനു പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *